കട്ടപ്പാടത്തെ മാന്ത്രികൻ ചിത്രീകരണം ആരംഭിച്ചു ; ചിത്രത്തിൽ വൈറൽ താരം അഭിജിത്തിത്തും | Malayalam Movie

Kattapadathe Manthrikan : ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ ഫൈസൽ ഹുസൈൻ (Faisal Hussain) അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം “കട്ടപ്പാടത്തെ മാന്ത്രികന്റെ” ചിത്രീകരണം ആരംഭിച്ചു. പാലക്കാട് അണ്ണാൻ തൊടി എൽ പി സ്കൂളിൽ വച്ച് മണ്ണാർക്കാട് എം.എൽ.എ. എൻ. ഷംസുദ്ധീൻ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലിം ചടങ്ങിൽ മുഖ്യാത്ഥിതിയായി.

ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികൻ നിർമ്മിക്കുന്നത് സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി ജെ മോസസ്സ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും സംവിധായകനായ ഫൈസൽ തന്നെയാണ്. പശ്ചാത്തല സംഗീതം സിബു സുകുമാരൻ. സംഗീതം മിഥുലേഷ് ചോലക്കൽ. വരികൾ വി പി ശ്രീകാന്ത് നായർ ,നെവിൽ ജോർജ് എന്നിവർ നിർവഹിക്കുന്നു.

ക്ലാസ് റൂമിൽ ഇരുന്ന് ടീച്ചറുടെ പാട്ടിനൊപ്പം ബെഞ്ചിൽ താളത്തിൽ കൊട്ടി വൈറലായ അഭിജിത്തിത്തും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നു. ചെറുപ്രായത്തിലെ അഭിജിത്ത് പ്രകടിപ്പിച്ച അസാമാന്യ താളബോധം അത്ഭുതത്തോടെയാണ് സംഗീത പ്രേമികൾ നോക്കി കണ്ടത്. അഭിജിത്തിന്റെ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ കണ്ട ചിത്രത്തിന്റെ അണിയറപ്രവർത്തകർ അഭിജിത്തിനെ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തി ഈ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.

വൈറൽ വീഡിയോയിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന അഞ്ചന ടീച്ചറും ഈ സിനിമയിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.