Recipe | മുട്ടയില്ലാത്ത ഓംലെറ്റ് എങ്ങനെ തയ്യാറാക്കാം?
Egg Less Omelette Recipe : മുട്ടയില്ലാത്ത ഒരു ഓംലെറ്റ് ഉണ്ടാക്കിയാലോ? എന്ന് ചോദിച്ചാൽ പലരും നെറ്റി ചുളിക്കും. മുട്ട ഇല്ലാതെ എന്ത് ഓംലെറ്റ് ? അതിനെ എങ്ങനെ ഓംലെറ്റ് എന്ന് വിളിക്കും ? എന്നായിരിക്കും മറുചോദ്യം. ആലോചിച്ച് തലപുകയണ്ട. അതും സാധ്യമാകും.വരൂ റെസിപിയിലേക്ക് പോകാം.

ചേരുവകൾ:
- കടല മാവ് – 1 കപ്പ്
- മൈദ മാവ് – അര കപ്പ്
- ബേക്കിംഗ് പൗഡർ – 1 ടീ സ്പൂൺ
- സവോള – വലുതിന്റെ പകുതി പൊടിയായി അറിഞ്ഞത്
- പച്ചമുളക് (ആവശ്യത്തിന്)
- ഉപ്പ് (ആവശ്യത്തിന്)
- കാരറ്റ് – ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
- വെളിച്ചെണ്ണ/സൺ ഫ്ലവർ ഓയിൽ/നെയ്യ്
തയാറാകുന്ന വിധം :
എടുത്ത് വച്ചിരിക്കുന്ന കടമാവും മൈദയും ആവശ്യത്തിന് ഉപ്പും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഒരു ലൂസ് ബാറ്റർ ആക്കി മാറ്റുക.(ഒരു വിസ്‌ക് കൊണ്ടോ തവി കൊണ്ടോ മാവിന്റെ കട്ടകൾ ഉടച്ച് നന്നായി അലിഞ്ഞ് ചേർന്നു എന്ന് ഉറപ്പ് വരുത്തുക )
ശേഷം അറിഞ്ഞ് വച്ചിരിക്കുന്ന സവോള, മുളക്,കാരറ്റ് എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി അടിച്ച് മിക്സ് ചെയ്യുക. (ഓംലെറ്റ് മിക്സ് ചെയുന്ന പോലെ ഒരു ബൗളിലോ ഗ്ലാസ്സിലോ ഒഴിച്ചും ഇങ്ങനെ ചെയ്യാവുന്നതാണ്)
ഇനി അടുപ്പ് ഓൺ ആക്കി ഒരു ഫ്രൈ പാൻ വയ്ക്കാം. പാൻ ചൂടായ ശേഷം എണ്ണ ഒഴിച്ച് പാൻ ചുറ്റിച്ച് എടുക്കുക. ശേഷം പാനിലേക്ക് അടിച്ച് വച്ച ബാറ്ററിനെ ഒരു ചെറിയ തവികൊണ്ട് ഒഴിക്കുക. മിശ്രിതം ഒഴിച്ച ശേഷം ഓംലറ്റ് ചുറ്റിക്കുന്ന പോലെ ചുറ്റിച്ച് കൊടുക്കുക. ഓംലറ്റ് ആകൃതി വരാനാണ് അങ്ങനെ ചെയ്യുന്നത്. ദോശ പരതുന്നപോലെ പരത്താൻ ശ്രമിക്കരുത്ത് എന്ന് ഓർമിപ്പിക്കുന്നു.
പാചകം പടിക്കുന്നവർക്കുള്ള ടിപ്പ്സ് :
ഫ്രൈയിങ് പാൻ ചൂടായി എന്ന് മനസിലാക്കാൻ ഒരു മാർഗമുണ്ട്. ഗ്യാസ് അടുപ്പ്ഓൺ ആക്കി പാൻ വയ്ക്കുക. ഒരു ഇരുപത് മുപ്പത് സെക്കന്റ് കഴിഞ്ഞ് പാനിൽ അല്പം വെള്ളം തളിച്ച് നോക്കുക, അപ്പോൾ വെള്ളം പാനിൽ നിന്ന് പെട്ടെന്ന് ആവിയായി പോയെങ്കിൽ പാൻ ചൂടായി എന്ന് മനസിലാക്കാം.

ഒരു വശം വെന്ത് കഴിഞ്ഞ ശേഷം ഓംലറ്റ് മറിച്ചിടുക. രണ്ട് വശവും വെന്ത ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കുക. നല്ല ചൂട്… മുട്ടയില്ലാ ഓംലറ്റ് റെഡി ആയിരിക്കുന്നു. ഇത്രയും ചേരുവകൾകൊണ്ട് ഏകദേശം അഞ്ചോ ആറോ ഓംലെറ്റ് വരെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
ഓംലെറ്റ് എന്തിന്റെ കൂടെയെല്ലാം കഴിക്കാം ?
അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല വെറുതെ കഴിക്കാം. അല്ലെങ്കിൽ ചോറിനൊപ്പമോ, ബ്രെഡിനൊപ്പമോ , ചപ്പാത്തിയോടൊപ്പമോ അതുമല്ലെങ്കിൽ നാലുമണി ചായയ്ക്ക് പലഹാരമായോ കഴിക്കാം. ഓഫീസിലേക്ക് പോകാൻ നേരം ലഞ്ച് , ബ്രേക്ക് ഫാസ്റ്റ് ഹെവി ആക്കാൻ താത്പര്യമില്ലാവർക്കും ഈ ഓംലെറ്റ് കൊണ്ടുപോകാം. പക്ഷെ എന്നും ആയാൽ അത് ഒരു മടുപ്പ് തോന്നാം.
.