December 8, 2025

Titanic House | ഈ ടൈറ്റാനിക് ആഴക്കടലിൽ അല്ല സിലിഗുരിയിലെ കരയിലാണ്

സ്വന്തമായി ഒരു വീട്, അത് എല്ലാവരുടെയും സ്വപ്നമാണ്. നമ്മുടെ സ്വപ്ന വീട് കെട്ടുമ്പോൾ നമ്മുടേതായ ചില ആശയങ്ങളും ആഗ്രഹങ്ങളുമായിരിക്കും ഉള്ളത്. മുറി മുതൽ മുറ്റം വരെ എങ്ങനെ വ്യത്യസ്‌തമാക്കി മാറ്റം എന്നായിരിക്കും. എന്നാൽ ചിലർ അതുക്കും മേലെ ചിന്തിക്കുന്നവരായിരിക്കും. അക്കൂട്ടത്തിൽ ഒരാളാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ മിന്റു റോയ്. ഒരു കർഷകനായ മിന്റുവിന്റെ ആഗ്രഹം തൻ്റെ വീട് ഒരു കപ്പലിന്റെ ആകൃതിയിൽ ആകണം എന്നായിരുന്നു. തന്റെ സ്വപ്നം പൂർത്തിയാക്കാൻ ഒരു പതിറ്റാണ്ടായി ശ്രമിക്കുകയാണ് മിന്റു.

വെസ്റ്റ് ബംഗാളിലെ സിലിഗുരിയിലാണ് മിന്റുവിന്റെ കപ്പൽ വീട് ഒരുങ്ങുന്നത്. തൻ്റെ ആഗ്രഹം യാഥാർഥ്യമാക്കാൻ പല എൻജിനീയർമാരെയും മിന്റു സമീപിച്ചിരുന്നു. എന്നാൽ കപ്പൽ ആകൃതിയിൽ വീട് യാഥാർത്ഥ്യമാക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് അവർ കയ്യൊഴിഞ്ഞു. ഒടുവിൽ മിന്റു തൻറെ സ്വപ്‌നം യാഥാർഥ്യമാക്കാൻ സ്വന്തമായിതന്നെ വീട് നിർമ്മിക്കാം എന്ന തീരുമാനത്തിലെത്തി. അങ്ങനെ വീടിന്റെ പ്ലാൻ പൂർണ്ണമായും മിന്റു റോയ് തന്നെയാണ് തയ്യാറാക്കിയത്.

കോണ്ട്രാക്ടർമാരുടെ സഹായം തേടാതെ സ്വന്തമായി മിന്റു റോയ് 2010 ൽ സ്വപ്‌ന വീടിന്റെ നിർമ്മാണം ആരംഭിച്ചു. 30 അടിയോളം ഉയരവുമുള്ള വീടിൻ്റെ നീളം 39 അടിയും വീതി 13 അടിയുമാണ്. തൻ്റെ തൊഴിലായ കൃഷിയിൽ നിന്നും നേടുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ മിന്റുവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിർമ്മാണം ഇടയ്ക്ക് തടസപ്പെട്ടു. ചെറിയ വരുമാനം മാത്രം ഉള്ള മിന്റുവിന്‌ ഭാവന നിർമാണവും മേസ്തിരിമാർകുള്ള പണവും തികയാത്തതിനാൽ കെട്ടിടനിർമ്മാണം പഠിക്കാനായി തീരുമാനിച്ചു.

ഒടുവിൽ നേപ്പാളിൽ എത്തി മൂന്നു വർഷം സമയമെടുത്ത് കെട്ടിടനിർമ്മാണത്തിൽ മിന്റു പരിശീലനം നേടി. ചിലർ അങ്ങനെയാണ് അവരുടെ ആഗ്രഹസാഫല്യത്തിനായി ഇറങ്ങിത്തിരിച്ചാൽ പിന്നെ അവർ വേറെ ലെവലാണ്‌. ആ കാര്യം എങ്ങനെയും സാധ്യമാക്കാനുള്ള ഒരു ഊർജം അവരിൽ വരും. മിന്റുവിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു എന്ന് പറയാം. മിന്റുവിന്റെ സ്വപ്‌നമായ കപ്പൽ വീടിന്റെ അടിസ്ഥാന രൂപം പൂർത്തിയായെങ്കിലും ഇനിയും ഒരുപാട് പണികൾ ബാക്കിയുണ്ട്. മൂന്നുനിലകളുള്ള വീട് ഒറ്റനോട്ടത്തിൽ കപ്പലിന്റെ അതേ ആകൃതിയിലാണുള്ളത്.. ടൈറ്റാനിക്കിനുള്ളിലേതുപോലെയള്ള വിശാലമായ സ്റ്റെയർകെയ്സും ഒരുക്കാനും പദ്ധതി ഉണ്ട്. പണികൾ പൂർണ്ണമായും പൂർത്തിയായിലെങ്കിലും സിലിഗുരിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറുകയാണ് മിന്റുവിന്റെ വീട്. ഇതുവരെ 15 ലക്ഷത്തോളം രൂപയാണ് വീടിന്റെ നിർമ്മാണത്തിനായി ചിലവായത്.

Leave a Reply

Your email address will not be published. Required fields are marked *